gnn24x7

ബ്രിട്ടനിൽ കോവിഡ് മരണം തുടർച്ചയായ നാലാം ദിവസവും എഴുന്നൂറിനു മുകളിൽ

0
222
gnn24x7

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് മരണം തുടർച്ചയായ നാലാം ദിവസവും എഴുന്നൂറിനു മുകളിൽ തുടരുകയാണ്. 761 പേരാണ് ഇന്നലെ മാത്രം വിവിധ ആശുപത്രികളിൽ മരിച്ചത്. നഴ്സിങ് ഹോമുകളിലെയും ഹോസ്പീസ് സെന്ററുകളിലെയും കമ്മ്യൂണിറ്റികളിലെയും മരണം കണക്കിൽ പോലുമില്ല. രോഗികളുടെ എണ്ണവും ദിനം പ്രതി കൂടിവരികയാണ്. ദിവസേന പതിനായിരത്തിലേറെ പേരെ പരിശോധനയ്ക്കു വിധേയരാക്കുന്ന ബ്രിട്ടനിൽ 98,476 പേരാണ് രോഗബാധ സ്ഥിരീകരിച്ചവർ.

നഴ്സിങ് ഹോമുകളിൽ ടെസ്റ്റിങ് വ്യാപകമാക്കും

വിവിധ നഴ്സിംങ് ഹോമുകളിലും കമ്മൂണിറ്റിയിലുമായി ദിവസേന നൂറുകണക്കിനാളുകൾ കോവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇവിടങ്ങളിൽ പരിശോധനാ സംവിധാനം ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു. എല്ലാ നഴ്സിങ് ഹോമുകളിലെയും റസിഡൻസിനെയും അവരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരെയും പരിശോധിക്കാനാണ് തീരുമാനം. നഴ്സിങ് ഹോമുകളിലെ വൃദ്ധജനങ്ങളെ മരണത്തിനു വിട്ടുകൊടുക്കുന്ന സമീപനമാണ് സർക്കാർ സ്വാകരിക്കുന്നതെന്ന വൻ വിമർശനമാണ് കഴിഞ്ഞദിവസങ്ങളിൽ രാജ്യത്ത് ഉയർന്നത്.

ലോകാരോഗ്യ സംഘടനയ്ക്ക് നൽകിയത് 75 മില്യൺ പൗണ്ട്

കോറോണ ബാധയ്ക്കെതിരായ പ്രവർത്തനങ്ങൾക്കു മാത്രമായി 75 മില്യൺ പൗണ്ടിന്റെ സഹായം ബ്രിട്ടൻ ലോകാരോഗ്യ സംഘടനയ്ക്കു നൽകിക്കഴിഞ്ഞതായി പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വക്താവ് വ്യക്തമാക്കി. ആവശ്യമെങ്കിൽ ഇനിയും കൂടുതൽ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയ്ക്കുള്ള സഹായം അമേരിക്ക നിർത്തലാക്കിയ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ ബ്രിട്ടൻ വിശദീകരണം നൽകിയത്. എന്നാൽ അമേരിക്കൻ നടപടിയെക്കുറിച്ച് പ്രതികരിക്കാൻ ബ്രിട്ടൻ തയാറായിട്ടില്ല.

കോവിഡ് മുക്തി നേടിയവരിൽ 106 വയസുള്ള മുത്തശ്ശിയും

പ്രായമായവർക്ക് കോവിഡ് രോഗം പിടിപെട്ടാൽ രക്ഷയില്ല എന്ന തെറ്റിധാരണകൾ തിരുത്തുകയാണ് ബ്രിട്ടനിലെ 106 വയസുള്ള കോണി ടിച്ചെൻ എന്ന മുതുമുത്തശ്ശി. ബർമിങ്ങാമിലെ സിറ്റി ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇവർ പൂർണ രോഗമുക്തയായി ഇന്നലെ ആശുപത്രി വിട്ടു. ആശുപത്രി ജീവനക്കാർ വരിയായി നിന്ന് കൈയടിച്ചാണ് ഇവരെ യാത്രയാക്കിയത്. ബ്രിട്ടനിൽ കോവിഡിനെ അതിജീവിക്കുന്ന ഏറ്റവും പ്രായമുള്ളയാളാണ് ഇവർ. കഴിഞ്ഞയാഴ്ച 102 വയസുള്ള മറ്റൊരു സ്ത്രീയും രോഗമുക്തി നേടിയിരുന്നു. ബ്രിസീലിലും ഇന്നലെ സമാനമായ രീതിയിൽ 100 വയസുള്ളയാൾ രോഗമുക്തനായി. രണ്ടാംലോകമഹായുദ്ധത്തിലെ യുദ്ധവീരന്മാരിൽ ഒരാളാണ് ഇദ്ദേഹം.

ഗർഭിണിയായ നഴ്സും മരിച്ചു, കുഞ്ഞിനെ രക്ഷപ്പെടുത്തി

ഗർഭിണിയായ നഴ്സും ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചു. കുഞ്ഞ് രക്ഷപ്പെട്ടു. ലുട്ടൺ ആൻഡ് ഡൺസ്റ്റബിൾ യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സായ 28 വയസുള്ള യുവതിയാണ് മരിച്ചത്. ഇവരുടെ കുഞ്ഞ് സുഖമായിരിക്കുന്നു എന്നുമാത്രമാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. അഞ്ചുവർഷമായി ഇവർ ഈ ആശുപത്രിയിലായിരുന്നു ജോലി നോക്കിയിരുന്നത്.

ബന്ധുക്കൾക്ക് ഗുഡ്ബൈ പറയാൻ അവസരമൊരുക്കും

കോവിഡ് ബാധിച്ച് മരിക്കുന്നവർക്ക് അന്ത്യയാത്ര പറയാൻ അടുത്ത ബന്ധുക്കളെ അനുവദിക്കും വിധം ചികിൽസാ പ്രോട്ടോക്കോളിൽ മാറ്റം വരുത്തുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. 13 വയസുമാത്രം പ്രായമുള്ള ബാലൻ ആരും അടുത്തില്ലാതെ മരിക്കേണ്ടിവന്ന സാഹചര്യവും ഈ കുഞ്ഞിന്റെ സംസ്കാരചടങ്ങിൽ പോലും പങ്കെടുക്കാൻ ഐസലേഷനിലായിരുന്ന മാതാപിതാക്കൾക്ക് കഴിയാതെ വന്നതുമാണ് സർക്കാരിനെ ഇത്തരത്തിൽ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചത്. പരമാവധി സുരക്ഷിതമായ രീതിയിൽ പ്രിയപ്പെട്ടവരോട് ഗുഡ്ബൈ പറയാൻ അടുത്ത ബന്ധുക്കളെ അനുവദിക്കണമെന്നാണ് പുതിയ പ്രോട്ടോക്കോൾ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here