gnn24x7

ബ്രിട്ടനിൽ ഇന്നലെ 32 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്; എയർആംബുലൻസിൽ നാട്ടിലെത്തിച്ച പ്രസാദ് ദാസ് എന്ന യുവാവ് മരണത്തിനു കീഴടങ്ങി

0
202
gnn24x7

ലണ്ടൻ: നോട്ടിങ്ങാമിൽനിന്നും കോവിഡ് കാലത്ത് എയർആംബുലൻസിൽ നാട്ടിലെത്തിച്ച പ്രസാദ് ദാസ് എന്ന യുവാവ് മരണത്തിനു കീഴടങ്ങി. കാൻസർ രോഗം ബാധിച്ച് നോട്ടിങ്ങാം യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ ഏപ്രിൽ 24നാണ് എയർ ആംബുലൻസിൽ പ്രസാദിനെ നാട്ടിലെത്തിച്ചത്. എങ്ങനെയും നാട്ടിലെത്തണം എന്ന പ്രസാദിന്റെ ആഗ്രഹം സാധിക്കാൻ ഒരു കോടിയിലേറെ രൂപയാണ് പ്രസാദ് ജോലി ചെയ്തിരുന്ന കമ്പനിയും കൂട്ടുകാരും ചേർന്ന് പിരിച്ചുണ്ടാക്കിയത്. തുടർന്ന് നാട്ടിലെത്തിയ പ്രസാദ് കോഴിക്കോട് മിംസ് ആശുപത്രിയിലെ ചികിൽസയിലായിരുന്നു. ലോകം മുഴുവൻ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് വൻ സ്വാധീനത്തിലൂടെ എല്ലാ കടമ്പകളും മറികടന്ന് പ്രസാദ് കുടുംബത്തോടൊപ്പം കഴിയാനും വിദഗ്ധ ചികിൽസയ്ക്കുമായി നാട്ടിലെത്തിയത്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കഴിയവേയാണ് കൂട്ടുകാരെയും ബന്ധുക്കളെയും ദു:ഖത്തിലാഴ്ത്തി 37 വയസുമാത്രം പ്രായമുള്ള ആ യുവാവ് കടന്നുപോയത്.

രാജ്യത്ത് ഇന്നലെ 32 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 28 പേർ ഇംഗ്ലണ്ടിലും നാലുപേർ വെയിൽസിലുമാണ് മരിച്ചത്. സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻർഡിലും കോവിഡ് മരണങ്ങൾ ഉണ്ടായില്ല. ഞായറാഴ്ചയും 36 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

രണ്ടര മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ ബ്രിട്ടനിൽ കടകൾ തുറന്നപ്പോൾ ഷോപ്പിങ്ങിന് മുട്ടിനിന്ന ബ്രിട്ടീഷുകാർ കൂട്ടത്തോടെ കടകളിലേക്ക് ഇരച്ചെത്തി. രാവിലെ മുതൽ പല കടകൾക്കു മുന്നിലും മണിക്കൂറുകൾ നീണ്ട ക്യൂ തന്നെ രൂപപ്പെട്ടു. പല ഷോപ്പിംങ് സെന്ററുകളിലേക്കും മാളുകളിലേക്കുമുള്ള വഴികൾ വലിയ ട്രാഫിക് കുരുക്കിനും ഇരയായി. പല കടകളും അമ്പതു ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചാണ് കസ്റ്റമേഴ്സിനെ വരവേറ്റത്.

ബ്രിട്ടനിൽ പൊതുഗതാഗത സംവിധാനങ്ങളിലും ആശുപത്രികളിലും ഇന്നു മുതൽ മാസ്ക് നിർബന്ധമാക്കി. വരുംദിവസങ്ങളിൽ ഈ നിർദേശം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തും.

അമേരിക്കയുടെ ഫൈറ്റർ ജെറ്റുകളിലൊന്ന് ഇന്നലെരാവിലെ ബ്രിട്ടീഷ് അധീനതയിലുള്ള നോർത്ത് സീയിൽ തകർന്നു വീണു. സഫോക്സിലെ റോയൽ എയർഫോഴ്സ് സെന്ററിൽനിന്നും ട്രെയിനിങ്ങിന്റെ ഭാഗമായി പറത്തിയ വിമാനത്തിൽ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. രക്ഷാദൗത്യം തുടരുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here