gnn24x7

മദ്യലഹരിയിൽ 12 വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത പ്രവാസി യുവാവിനെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തു

0
736
gnn24x7

ഷാര്‍ജ: 12 വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത യുവാവിനെ യുഎഇയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജയിലെ മുവൈല ഏരിയയിലായിരുന്നു സംഭവം.

പാര്‍ക്ക് ചെയ്‍തിരുന്ന വാഹനങ്ങള്‍ മുഴുവന്‍ ഒരാള്‍ അടിച്ചുതകര്‍ത്തായി ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ചാണ് ഷാര്‍ജ പൊലീസ് സംഘം സ്ഥലത്ത് കുതിച്ചെത്തിയത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ വാഹനങ്ങള്‍ തകര്‍ക്കുന്നത് വ്യക്തവുമായിരുന്നു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പാകിസ്ഥാനിയായ പ്രവാസിയാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തി. തുടര്‍ന്ന് റെക്കോര്‍ഡ് സമയത്തിനുള്ളില്‍ തന്നെ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത സമയത്ത് ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസിന്റ അന്വേഷണത്തില്‍ വ്യക്തമായി. ചോദ്യം ചെയ്‍തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. ശേഷം തുടര്‍നടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

gnn24x7