gnn24x7

ജീവിതവേഷം ആടിത്തീര്‍ത്ത് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ സംവിധായകന്‍ – പി.ഗോപികുമാര്‍

0
877
gnn24x7

മലയാളത്തിലെ പഴയകാല പ്രമുഖ സംവിധായകരില്‍ ഒരാളായിരുന്നു പി.ഗോപികുമാര്‍. ഒക്ടോബര്‍ 19 ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഷ്ടമംഗല്യം (1977), ഹര്‍ഷബാഷ്പം (1977), കണ്ണുകള്‍ (1979), മനോരഥം (1978), പിച്ചിപ്പൂ (1978), ഇവള്‍ ഒരു നാടോടി (1979), തളിരിട്ട കിനാക്കള്‍ (1980), അരയന്നം (1981), സൗദാമിനി (2003) എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. കമലഹാസനെ നായകനാക്കി 1977 ല്‍ അഷ്ടമംഗല്യം എന്ന സിനിമ ചെയ്താണ് സ്വതന്ത്ര സംവിധായകനായത്. മുഹമ്മദ് റാഫി പാടിയ ഏക മലയാള സിനിമ തളരിട്ട കിനാക്കള്‍ ആയിരുന്നു. മലയാളത്തിലെ പ്രമുഖ സംവിധായകനായ പി. ചന്ദ്രകുമാറിന്റെയും പ്രസിദ്ധ ഛായാഗ്രാഹകനായ പി. സുകുമാറിന്റെയും മൂത്ത സഹോദരനായിരുന്നു.

പി.ഗോപികുമാർ എന്ന മുൻകാല സിനിമാ സംവിധായകൻ ജീവിത വേഷം ആടിത്തീർന്നു യവനികയ്ക്കുള്ളിൽ മറഞ്ഞു.സിനിമയുടെ വരും കാല ചരിത്രത്തിൽ, ‘ഒരു തീരാ നഷ്ടം’ എന്നൊന്നും കല്ലിച്ചു കിടക്കാൻ സാധ്യതയില്ലാത്ത ഒരു സ്വാഭാവിക അന്ത്യം.

ഭാസ്‌ക്കരൻ മാഷുടെ ശിഷ്യനായി തുടങ്ങി “അഷ്ടമംഗല്യം”എന്ന ആദ്യ ചിത്രത്തിലൂടെ സംവിധാനത്തിൽ സ്വന്തം മേൽവിലാസം ഉറപ്പിച്ച അദ്ദേഹം ചെയ്തത് 10 ചിത്രങ്ങൾ.അവയിൽ എല്ലാം മനോഹര ഗാനങ്ങൾ ഉണ്ടെന്നും മുഹമ്മദ് റാഫിയുടെ പാട്ടുള്ള ഏക മലയാള ചിത്രം അദ്ദേഹത്തിന്റെ ‘തളിരിട്ട കിനാക്കൾ’ ആണെന്നും ഏവർക്കും ഉള്ള അറിവുകൾക്കപ്പുറം അദ്ദേഹത്തിന്റെ സിനിമാ-ജീവിത യാത്രയെക്കുറിച്ചു എനിക്ക്  കൂടുതൽ ഒന്നും അറിയില്ല.

പി.ഗോപികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാനകഥാപാത്രമായി മഞ്ചേരി ചന്ദ്രന്‍ (പനക്കല്‍ വാസു)

എന്റെ മനസ്സിൽ അദ്ദേഹം പാലക്കാട്ടെ വീട്ടിൽ സ്വച്ഛമായി ഇരിയ്ക്കുന്ന,ആത്മീയത തുളുമ്പുന്ന ഒരു ശാന്ത രൂപമാണ്.പാലക്കാട് വിക്ടോറിയ കോളേജിൽ പഠിക്കുന്ന സമയം.എന്റെ വിവാഹം വാക്കാൽ പറഞ്ഞുറപ്പിച്ചിട്ടുണ്ട്.എന്റെ ഭർത്താവ് ശരൺ (ശരൺ പുതുമന) അന്ന് ചന്ദ്രകുമാർ അങ്കിളിന്റെ (സംവിധായകൻ പി.ചന്ദ്രകുമാർ) മനസ്വിനി എന്ന സീരിയലിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടായിരുന്നു.അങ്കിളിനോട് സംസാരിക്കുന്നതിനു ഇടയിലാണോ ഗോപിയങ്കിൾ പാലക്കാടുള്ള വിവരം അച്ഛൻ അറിഞ്ഞത്‌ എന്ന് എനിക്ക് ഓർമയില്ല.ഒരു ദിവസം,അമ്മയെയും എന്നെയും കൂട്ടി പാലക്കാട്ടു അദ്ദേഹത്തിന്റെ വീട്ടിൽ പോയി.

ലോകപ്രസിദ്ധ ഗായകന്‍ മുഹമ്മദ് റഫി പാടിയ ഏക മലയാള ചലച്ചിത്ര ഗാനം ‘തളിരിട്ട കിനാക്കള്‍’.
സംവിധാനം പി.ഗോപികുമാര്‍

ചന്ദ്രകുമാർ അങ്കിളിന്റെയും സുകുവേട്ടന്റെയും (പി.സുകുമാർ) ഏട്ടന്റെ വീട്ടിലേക്കാണ് പോവുന്നത് എന്ന് പറഞ്ഞു തന്നു അച്ഛൻ.ഒപ്പം, അഷ്ടമംഗല്യം,ഹർഷബാഷ്പ്പം,കണ്ണുകൾ എന്നീ സിനിമകളുടെ സംവിധായകൻ ആണെന്നും.അച്ഛൻ പ്രിയത്തോടെ പറയുന്ന സിനിമാ പേരുകളിൽ എപ്പോഴും ഈ മൂന്നു പേരുകൾ ഉണ്ടാവാറുണ്ട്.അതിൽ ‘കണ്ണുകൾ’ ഞാൻ കണ്ട സിനിമ ആയിരുന്നു.സുകു അങ്കിൾ (സുകുമാരൻ) നായകനായ സിനിമയിലെ അച്ഛന്റെ  വേഷം എനിക്കും ഇഷ്ടമാണ്.കണ്ടിട്ടില്ലെങ്കിലും അഷ്ടമംഗല്യവും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.എന്റെ എക്കാലത്തെയും ആരാധനാ പുരുഷൻ കമലഹാസനോടൊപ്പം അച്ഛൻ അഭിനയിച്ച സിനിമകളിൽ ഒന്നാണ് അത് എന്നതായിരുന്നു അതിനു കാരണം.

കാണാത്ത ഒരാളെക്കുറിച്ചു കേൾക്കുമ്പോൾ നമ്മൾ മനസ്സിൽ ഒരു ചിത്രം വരയ്ക്കും.പക്ഷെ,മനസ്സിൽ ഞാൻ വരച്ച രൂപമല്ല അവിടെ കാത്തിരുന്ന ഗോപിയങ്കിൾ.ചൈതന്യമുള്ള മുഖത്തു ചന്ദനക്കുറിയും പുഞ്ചിരിയുമായി വെളുത്തു കൊലുന്നനെ ഒരു മനുഷ്യൻ.ആയിടയ്ക്ക് അദ്ദേഹം വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സൗദാമിനി എന്ന ചിത്രം ചെയ്തിരുന്നു.ഓരോ കാരണങ്ങളും സാഹചര്യവും മൂലം സിനിമയിൽ നിന്ന് അകന്നു കഴിയുമ്പോഴും ,സാധ്യമായ സമയത്തു ,സ്വന്തം ചിത്രം എന്ന ചിന്ത തന്നെയായിരിയ്ക്കും എല്ലാവരെയും പോലെ ആ മനസ്സിലും ഉണ്ടായിരുന്നത്.സിനിമയിൽ സജീവമായ ഒരു തുടർക്കാലവും സ്വപ്നം കണ്ടിരിയ്ക്കാം അദ്ദേഹം,അത് സാധ്യമായില്ലെങ്കിലും.

സ്വാഭാവികമായും,അച്ഛനും അദ്ദേഹത്തിനും ഇടയിൽ,വർഷങ്ങൾക്കിപ്പുറത്തെ കൂടിക്കാഴ്ചയിൽ നിറഞ്ഞത്,പഴയകാല വിശേഷങ്ങൾ തന്നെ ആണെങ്കിലും,അദ്ദേഹത്തിന്റെ വാക്കുകളിൽ ഇടയ്ക്കു പ്രതീക്ഷയുടെ ഒരു പുതിയ സിനിമാക്കാലവും മിന്നി മറഞ്ഞു.അവർക്കിടയിൽ ഞാനും അമ്മയും വെറും കേൾവിക്കാർ ആയിരുന്നു. ആ കൂടിക്കാഴ്ചകൾ തുടർന്നു. കൂടുതലും ആത്മീയം എന്ന് തോന്നിച്ചിരുന്നു അദ്ദേഹത്തിന്റെ ലളിത ജീവിത രീതികളും വാക്കുകളും.കല്യാണ ശേഷം ശരണും ഞാനും അദ്ദേഹത്തെ പോയി കണ്ട്  അനുഗ്രഹം വാങ്ങിയിരുന്നു.പറ്റുമ്പോഴെല്ലാം പോയി കാണാനും കുറച്ചു  സമയം കൂടെ ചെലവിടാനും ശ്രമിച്ചിരുന്നു.അല്ലാത്തപ്പോൾ ഫോൺ വഴി ബന്ധം നിലനിർത്തിയിരുന്നു.പിന്നീടെപ്പോഴോ അത് അറ്റ്‌ പോയി.  നെഞ്ചിലേറിയ സിനിമ അവസാന ശ്വാസത്തോടെയേ ഒരാളെ വിട്ടു പോവൂ.അങ്ങനെയുള്ള ഒരാൾ സിനിമയിൽ നിന്ന് അകന്ന്,ആരാലും അധികം ഓർക്കപ്പെടാതെയും  ചർച്ച ചെയ്യപ്പെടാതെയും,എല്ലാത്തിൽ നിന്നും അകന്ന് മാറി ഒരു ജീവിതം ജീവിച്ചു തീർത്തു, മറഞ്ഞു പോയി.അദ്ദേഹം ശൂന്യമാക്കിയ ഒരിടം സിനിമയിൽ ഉണ്ടാവില്ലെങ്കിലും നേടാതെ പോയ ഒരിടം,അതുണ്ട്.വരും കാലങ്ങളിൽ ,അദ്ദേഹത്തെ പിൻപറ്റി ഏറെ പേർ കയറിയിറങ്ങി പോവാവുന്ന ഒരിടം.സിനിമാ ചരിത്രത്തിൽ സ്വർണ്ണ ലിപികളിൽ ആ പേരുകൾ കൊത്തി വെയ്ക്കപ്പെടില്ല.പക്ഷെ,അപ്പോഴും ചില മനസ്സുകളിൽ ഓർമ്മകളായി അവർ ജീവിയ്ക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here