gnn24x7

ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം-എസ് വിക്ഷേപിച്ചു

0
107
gnn24x7

ചെന്നൈ: ബഹിരാകാശ ഗവേഷണ സംരംഭമായ സ്കൈറൂട്ട് എയ്റോ സ്പേസ് നിർമിച്ച വിക്രം-എസ് റോക്കറ്റ് മൂന്ന് ചെറു ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ചു. ഇന്ത്യയിൽ സ്വകാര്യമേഖലയിൽ നിർമിച്ച ആദ്യ റോക്കറ്റിന്റെ വിക്ഷേപണമാണിത്. ഐ.എസ്.ആർ.ഒ.യുടെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് വെള്ളിയാഴ്ച രാവിലെ 11.30നായിരുന്നു വിക്ഷേപണം.നവംബർ 12-നും 16-നും ഇടയിൽ വിക്ഷേപണം നടത്താനായിരുന്നു ആദ്യ പദ്ധതി. കനത്തമഴ കാരണമാണ് വിക്ഷേപണം മാറ്റിവെച്ചത്.

ഹൈദരാബാദ് ആസ്ഥാനമായി 2018ൽ സ്ഥാപിതമായ സ്പൈറൂട്ട് എയ്റോസ്പേസിന്റെ റോക്കറ്റ് വിക്ഷേപണം യാഥാർഥ്യമായതോടെ ബഹിരാകാശ ഗവേഷണരംഗത്തെ സ്വകാര്യപങ്കാളിത്തം ഇന്ത്യയിലും യാഥാർഥ്യമായി. ഐ.എസ്.ആർ.ഒ.യുമായുള്ള കരാറിന്റെയടിസ്ഥാനത്തിലാണ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറ ഉപയോഗിക്കുന്നത്.

ഇതിന് ഐ.എസ്.ആർ.ഒ. ചെറിയ ഫീസു മാത്രമാണ് ഈടാക്കുന്നതെന്ന് പവൻകുമാർ ചന്ദന പറഞ്ഞു.ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയോടടുത്ത ഭ്രമണപഥത്തിൽ എത്തിക്കുന്നതിന് വിക്രം ശ്രേണിയിലുള്ള മൂന്ന് റോക്കറ്റുകളാണ് കൈറൂട്ട് വികസിപ്പിച്ചിരിക്കുന്നത്. 290 കിലോഗ്രാം ഭാരം 500 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ളതാണ് വിക്രം-1 റോക്കറ്റ്. അതിന്റെ പ്രാരംഭരൂപമാണ് വിക്ഷേപണത്തിന് സജ്ജമായ വിക്രം- എസ്. ഒറ്റ ഘട്ടം മാത്രമുള്ള റോക്കറ്റിന്റെ വിക്ഷേപണ ദൗത്യത്തിന് പ്രാരംഭ് എന്നാണ് പേരിട്ടിരിക്കുന്നത്.

ചെന്നൈ ആസ്ഥാനമായുള്ള സ്പേസ് കിഡ്സ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ നിർമിച്ച ചെറു ഉപഗ്രഹമാണ് സ്കൈറൂട്ട് വിക്ഷേപിക്കുന്ന പേടകങ്ങളിൽ ഒന്ന്. ഇന്ത്യ, യു.എസ്, ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങളിലെ കുട്ടികൾ രണ്ടര കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ നിർമാണത്തിൽ പങ്കാളികളായതായി സ്പേസ് കിഡ്സ് ഇന്ത്യ സി.ഇ.ഒ. ശ്രീമതി കേശൻ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here