gnn24x7

മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

0
201
gnn24x7

ന്യൂദല്‍ഹി: ദല്‍ഹിക്കടുത്ത് ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാമ രാജ്യം വാഗ്ദാനം ചെയ്തവര്‍ ഗുണ്ടാ രാജ്യമാണ് തന്നതെന്ന് രാഹുല്‍ പ്രതികരിച്ചു.

തിങ്കളാഴ്ച രാത്രി അക്രമി സംഘത്തിന്റെ വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനമറിയിച്ച് കൊണ്ട് ഇട്ട പോസ്റ്റിലായിരുന്നു യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

‘അനന്തരവളെ ഉപദ്രവിച്ചവര്‍ക്കെതിരെ പ്രതികരിച്ച മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷി കൊല ചെയ്യപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു. രാമ രാജ്യം വാഗ്ദാനം ചെയ്തവര്‍, ഇപ്പോള്‍ ഗുണ്ടാ രാജ്യമാണ് പകരം തരുന്നത്,’ രാഹുല്‍ ട്വീറ്റ് ചെയ്തു.

തന്റെ അനന്തരവളെ ഉപദ്രവിച്ചവര്‍ക്കെതിരെ വിജയ നഗര്‍ പൊലീസില്‍ മാധ്യമപ്രവര്‍ത്തകന്‍ പരാതി നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസമാണ് ഇദ്ദേഹത്തിന് വെടിയേല്‍ക്കുന്നത്.

തിങ്കളാഴ്ച രാത്രി മക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു ആക്രമണം. തുടര്‍ന്ന് ഇദ്ദേഹത്തെ ഗാസിയാബാദിലെ യശോദ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിക്രം ജോഷിയുടെ തലയ്ക്ക് വെടിയേറ്റ ഭാഗത്തെ ഞരമ്പിന് സാരമായ ക്ഷതമേറ്റിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.

മാധ്യമപ്രവര്‍ത്തകന് നേരെ അക്രമമുണ്ടായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് സ്റ്റേഷന്‍ ചുമതലയുള്ള പൊലീസിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കേസില്‍ ഒന്‍പതു പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ഒരാളെ പിടികൂടാനുള്ള ശ്രമത്തിലാണ്.

സംഭവത്തില്‍ യു.പി സര്‍ക്കാരിനെതിരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

തന്റെ അനന്തരവളെ ശല്യം ചെയ്തതിന് പൊലീസില്‍ പരാതി നല്‍കിയതിനാണ് ഒരു മാധ്യമപ്രവര്‍ത്തകന് വെടിയേറ്റത്. ഈ ജംഗിള്‍ രാജില്‍ സാധാരണക്കാരന്‍ എങ്ങനെ സുരക്ഷിതനാകും എന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here