gnn24x7

തുർക്കി-സിറിയ ഭൂകമ്പം: മരണം 4,300 കടന്നു, മരണസംഖ്യ 8 മടങ്ങ് വർധിക്കുമെന്ന് മുന്നറിയിപ്പ്

0
145
gnn24x7

തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമായുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4,300 കടന്നു. തുർക്കിയിൽ മാത്രം 2,900 പേർ മരിച്ചതായും 15,000ൽ ഏറെ പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും എത്രത്തോളം ഉയരുമെന്നു കണക്കാക്കാനാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറിയയിൽ 1,400ൽ ഏറെ പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മരണസംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.

നൂറുകണക്കിനുപേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനത്തിനു പിന്നാലെ തുർക്കിയിൽ രണ്ടു തുടർചലനങ്ങളും ഉണ്ടായി. 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിനു ശേഷം യഥാക്രമം 7.5, 6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ മറ്റു രണ്ടു ഭൂചലനങ്ങൾ കൂടി ഉണ്ടായി. ഇനിയും തുടർചലനങ്ങൾ ഉണ്ടായേക്കാമെന്ന് തുർക്കി ദുരന്തനിവാരണ ഏജൻസി അറിയിച്ചു. ഭൂചലനത്തിൽ ദുരിതക്കയത്തിലായ ഇരു രാജ്യങ്ങൾക്കും സഹായവാഗ്ദാനവുമായി ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾ രംഗത്തെത്തി. ദുരന്തനിവാരണത്തിനായി രണ്ടു എൻഡിആർഎഫ് സംഘങ്ങളെയാണ് ഇന്ത്യ നിയോഗിച്ചത്.ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, ഇസ്രയേൽ, കാനഡ, ഗ്രീസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് സഹായവാഗ്ദാനം മുന്നോട്ടു വച്ചത്. ഇതിനകം 45ലോകരാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തതായി തുർക്കി പ്രസിഡന്റ് വിശദീകരിച്ചു.

നൂറുകണക്കിനുപേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. രക്ഷാപ്രവർത്തനങ്ങൾക്കിടെ ചിലയിടത്ത് വീണ്ടും കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ടുണ്ട്. വിമതരുടെ കൈവശമുള്ള മേഖലകളിൽ കുറഞ്ഞത് 120 പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ട്. രണ്ടായിരം വർഷത്തോളം പഴക്കമുള്ള ചരിത്രസ്മാരകങ്ങളും ഭൂചലനത്തിൽ നിലംപൊത്തി.

റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കൻ തുർക്കിയിൽ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടർ സ്കെയിലിൽ 6.7 രേഖപ്പെടുത്തിയ തുടർചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 50 തുടർചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. ധാരാളം പേർ ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു. അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ഏറെ ബാധിച്ചത്. വിമതരുടെ നിയന്ത്രണത്തിലുള്ള ഇലിബ് മേഖലയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി സിറിയ സിവിൽ ഡിഫൻസ് സേന അറിയിച്ചു. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 4.17നാണ് ആദ്യ ഭൂചലനമുണ്ടായത്. തകർന്നുവീണ കെട്ടിടങ്ങളിൽനിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. സിറിയയുടെ അതിർത്തിയോട് ചേർന്നുള്ള തെക്ക്- കിഴക്കൻ തുർക്കിയിലെ ഗാസിയാൻടെപ്പിൽ 17.9 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിലയിരുത്തൽ.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here