gnn24x7

പ്രവാസികളുടെ നികുതി; വിശദീകരണവുമായി ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍

0
250
gnn24x7

ന്യൂദല്‍ഹി: പ്രവാസികള്‍ക്ക് വിദേശത്ത് ലഭിക്കുന്ന വരുമാനത്തിന് നികുതി ഈടാക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. പ്രവാസി ഇന്ത്യക്കാരുടെ വരുമാനത്തിന് ആദയ നികുതി ഏര്‍പ്പെടുത്തുന്നുവെന്ന പ്രഖ്യാപനത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി മന്ത്രാലയം രംഗത്ത് എത്തിയത്.

ഇന്ത്യയില്‍ ഉള്ള ആസ്തികളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിനാണ് ഇന്ത്യയില്‍ നികുതി നല്‍കേണ്ടതെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി.  പ്രവാസികള്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നികുതിയില്ലെങ്കില്‍ ഇന്ത്യ നികുതി ഈടാക്കില്ലെന്നും വിശദീകരണത്തില്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്നുണ്ടാക്കിയ വരുമാനത്തിന് നികുതി ചുമത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും ഇന്ത്യയിലുള്ള വസ്തുവില്‍ നിന്നുള്ള ആദായത്തില്‍ നികുതി ചുമത്താന്‍ തനിക്ക് അവകാശം ഉണ്ടെന്നും മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

നേരത്തെ ഇന്ത്യയില്‍ താമസക്കാരനല്ലെങ്കിലും മറ്റൊരു രാജ്യത്തും നികുതി നല്‍കേണ്ടതില്ലാത്ത ഇന്ത്യക്കാരെ ഇന്ത്യയിലെ താമസക്കാരായി തന്നെ കണക്കാക്കുകയും ഇവര്‍ രാജ്യത്ത് നികുതി നല്‍കുകയും വേണമെന്ന് റവന്യൂ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞിരുന്നു.

തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇപ്പോള്‍ വിശദീകരണവുമായി ധനകാര്യ മന്ത്രാലയം രംഗത്ത് എത്തിയത്. അതേസമയം ഒരു പൗരനെ പ്രവാസിയായി കണക്കാക്കാനുള്ള ദിവസ പരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ, 182 ദിവസം ഇന്ത്യക്ക് പുറത്ത് താമസിച്ച ഒരു ഇന്ത്യന്‍ പൗരനെ പ്രവാസികളായി കണക്കാക്കുമായിരുന്നു. നിലവിലെ നിര്‍ദ്ദേശപ്രകാരം പ്രവാസി ആകുന്നതിന് 240 ദിവസമോ അതില്‍ കൂടുതലോ ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവരായിരിക്കണം. ഇതും പ്രവാസികള്‍ക്ക് ഇരുട്ടടിയാണ്.

ഇതിന് പുറമെ ഇന്ത്യന്‍ വംശജനായ വിദേശ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ താമസിക്കുന്നതിനുള്ള കാലാവധി 182 ദിവസത്തില്‍ നിന്ന് 120 ദിവസമായി കുറയക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here