gnn24x7

ഇതിഹാസ അത്‌ലറ്റ് മില്‍ഖാ സിങ് അന്തരിച്ചു; ഭാര്യയുടെ മരണത്തിന് അഞ്ചു ദിവസം പിന്നാലെ മിൽഖാ സിങും യാത്രയായി

0
245
gnn24x7

ചണ്ഡീഗഡ്: ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് (91) കോവിഡ് ബാധയെ തുടർന്ന് അന്തരിച്ചു. മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില്‍ അദ്ദേഹം നെഗറ്റീവ് ആയിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് ചണ്ഡീഗഡിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെയും തുടര്‍ന്ന് മില്‍ഖാ സിങ്ങിനെ ചണ്ഡീഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു.

ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗറിന്റെ മരണത്തിന് അഞ്ചു ദിവസത്തിനു ശേഷമാണ് മില്‍ഖാ സിങ്ങിന്റെ മരണം സംഭവിച്ചിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നിര്‍മല്‍.

പറക്കും സിഖ് എന്ന പേരിലറിയപ്പെടുന്ന മില്‍ഖ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ്. 1958, 1962 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മില്‍ഖ സിങ് 1956 മെല്‍ബണ്‍ ഒളിമ്പിക്സിലും 1960 റോം ഒളിമ്പിക്സിലും 1964 ടോക്യോ ഒളിമ്പിക്സിലും ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചു. ഏഷ്യന്‍ ഗെയിംസില്‍ നാല് തവണ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. 1960-ലെ റോം ഒളിമ്പിക്‌സില്‍ 400 മീറ്ററില്‍ നാലാം സ്ഥാനത്തെത്തി. 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്. 1958-ല്‍ കട്ടക്കില്‍ നടന്ന ദേശീയ ഗെയിംസില്‍ 200, 400 മീറ്ററിലും അദ്ദേഹം സ്വര്‍ണ്ണം നേടിയിട്ടുണ്ട്. 1964-ല്‍ കൊല്‍ക്കത്തയില്‍ നടന്ന ദേശീയ ഗെയിംസില്‍ 400 മീറ്ററില്‍ അദ്ദേഹം വെള്ളിയും നേടി.

 രാജ്യത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1959-ല്‍ രാജ്യം അദ്ദേഹത്തെ പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here