gnn24x7

മരിച്ചവരുടെ എണ്ണത്തിൽ ബ്രിട്ടൻ ഇറ്റലിയെയും മറികടന്നു; ഇന്നലെ 693 മരണങ്ങൾ

0
197
gnn24x7

ലണ്ടൻ: ബ്രിട്ടനിൽ രണ്ടുദിവസമായി മരണനിരക്കിലുണ്ടായ കുറവ് വാരാന്ത്യങ്ങളിൽ കണക്കുകളിലുള്ള സ്ഥിരം കുറവ് മാത്രമാണെന്ന് ബോധ്യമായി. ഇന്നലെ മരണനിരക്ക് വീണ്ടും ഉയർന്ന് 693ൽ എത്തി. ഇതോടെ ആകെ മരിച്ചവരുടെ എണ്ണത്തിൽ ബ്രിട്ടൻ ഇറ്റലിയെയും മറികടന്നു. സർക്കാർ കണക്കനുസരിച്ച് 29,427 പേരാണ് ഇതുവരെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇറ്റലിയിൽ 29,315 പേരും.

എന്നാൽ കോവിഡ് മരണങ്ങളുടെയും രോഗവ്യാപനത്തിന്റെയും കാര്യത്തിൽ രാജ്യങ്ങൾ തമ്മിലുള്ള താരതമ്യത്തിന് പ്രസക്തിയില്ലെന്നും ഇത്തരമൊരു താരതമ്യം നടത്തുകയാണെങ്കിൽപോലും അതിന് സമയമായിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.

സർക്കാർ കണക്കനുസരിച്ച് ബ്രിട്ടനിലെ മരണസംഖ്യ 29,427 ആണെങ്കിലും യഥാർഥ മരണസംഖ്യ 32,313 ആണെന്നാണ് ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

ടെസ്റ്റുകളുടെ കാര്യത്തിലും സർക്കാർ അവകാശങ്ങൾ തെറ്റാണെന്ന വിവരങ്ങളാണ് മാധ്യമങ്ങൾ കണ്ടെത്തുന്നത്. ദിവസേന ഒരുലക്ഷം ടെസ്റ്റുകൾ എന്ന ലക്ഷ്യം വെള്ളി, ശനി ദിവസങ്ങളിൽ കൈവരിച്ചു എന്നായിരുന്നു ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിന്റെ അവകാശവാദം. എന്നാൽ ഇന്നലെയും 84,806 ടെസ്റ്റുകൾ മാത്രമേ നടത്താനായുള്ളൂ. തുടർച്ചയായ മൂന്നാംദിവസമാണ് നേരത്തെ പ്രഖ്യാപിച്ച ഒരുലക്ഷം എന്ന ലക്ഷ്യത്തിലെത്താൻ സർക്കാർ പരാജയപ്പെടുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ബ്രിട്ടനിൽ 3,000 പേർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെന്ന് രാജ്യത്തെ പ്രധാന വിമാനക്കമ്പനികളിൽ ഒന്നായ വെർജിൻ അറ്റ്ലാന്റിക് വ്യക്തമാക്കി. ഗാട്ട്വിക്ക് വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ പൂർണമായും നിർത്തലാക്കേണ്ട സ്ഥിതിയാണുള്ളതെന്നും കമ്പനി അറിയിച്ചു. ബ്രിട്ടനിൽ മാത്രം പതിനായിരത്തോളം ജീവനക്കാർ ജോലിചെയ്യുന്ന വിമാനക്കമ്പനിയാണ് വെർജിൻ അറ്റ്ലാന്റിക്. നേരത്തെ ബ്രിട്ടീഷ് എയർവേസും ഗാട്ട്വിക്കിൽനിന്നുള്ള സർവീസുകൾ നിർത്തുമെന്ന് അറിയിച്ചിരുന്നു.

വിമാനങ്ങൾ എല്ലാം പറക്കൽ നിർത്തിയ സാഹചര്യത്തിൽ 25 മില്യൺ യാത്രക്കാരുടെ ബുക്കിങ്ങ് പുന:ക്രമീകരിക്കുകയോ ടിക്കറ്റ് ചാർജ് മടക്കിനൽകുകയോ ചെയ്യേണ്ട സാഹചര്യമാണുള്ളതെന്ന് മറ്റൊരു വിമാനക്കമ്പനിയായ റയൺ എയറിന്റെ മേധാവി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് ചുരുങ്ങിയത് ആറു മാസമെങ്കിലും സമയമെടുക്കും. ഇവരും 3000 ജിവനക്കാരെ കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഒരുമാസത്തിലേറെയായി പൂട്ടിക്കിടക്കുന്ന മക്ഡോണൽസ് ഔട്ട്ലറ്റുകളിൽ 15 എണ്ണം ഈമാസം 13 മുതൽ തുറന്നു പ്രവർത്തിക്കാൻ തീരുമാനമായി. സർക്കാരിന്റെ സോഷ്യൽ ഡിസ്റ്റൻസിങ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും ഇത്. സർക്കാർ അനുമതിയോടെ ഘട്ടംഘട്ടമായി കൂടുതൽ റസ്റ്റൊറന്റുകൾ തുറക്കാനാണ് മാക് പദ്ധതിയിടുന്നത്. സൂപ്പർമാർക്കറ്റ് ശൃംഖലയായ മാർക്ക് ആൻഡ് സ്പെൻസർ രാജ്യത്തെ 142 ഔട്ട്ലെറ്റുകളിൽനിന്നും ഓൺലൈൻ ഷോപ്പിംങ്ങ് തുടങ്ങാൻ തീരുമാനിച്ചു. പ്രമുഖ വിതരണകമ്പനിയായ ഡെലിവറൂവുമായി സഹകരിച്ചാണിത്.

ഒരു കുടുംബത്തിലെ മൂന്നാമത്തെയാളും കോവിഡ് ബാധിച്ചു മരിക്കുന്ന അത്യപൂർവ സാഹചര്യവും ഇന്നലെ ബ്രിട്ടനിൽ ഉണ്ടായി. കെയ്ത്ത് ഡണ്ണിംങ്ടൺ എന്ന 54 വയസുള്ള നഴ്സാണ് സൗത്ത്ഷീൽഡിൽ മരിച്ചത്. ഇയാളുടെ 81 വയസുള്ള അമ്മ ഏപ്രിൽ 19നും 85 വയസുള്ള പിതാവ് മേയ് ഒന്നിനും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here