പട്ന: പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് പോവാന്‍ യാത്രാസൗകര്യം ഒരുക്കാത്ത കാരണത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍-റോഡ് ഗതാഗതം തടസ്സപ്പെടുത്തി. ബിഹാര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് പോയ ഉദ്യോഗാര്‍ത്ഥികളാണ് അക്രമണം അഴിച്ചുവിട്ടത്.
പട്നയ്ക്ക് സമീപം ഹാജിപുരിലാണ് സംഭവം നടന്നത്. പരീക്ഷാകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ബേട്ടിയ, മോത്തിഹാരി സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ ഇല്ലാത്തതിനാലാണ് ഉദ്യോഗാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലായത്.
അക്രമത്തില്‍ ഗുവാഹട്ടി-രാജധാനി എക്സ്പ്രസിന് നേരെ ഉദ്യോഗാര്‍ത്ഥികള്‍ കല്ലെറിഞ്ഞു. ഇതിനെത്തുടര്‍ന്ന് യുവാക്കള്‍ ട്രെയിന്‍ തടഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുത്തുകയായിരുന്നു.
ആകെയുള്ള ഒരു ട്രെയിനില്‍ ഉദ്യോഗാര്‍ത്ഥികള്‍ തള്ളിക്കയറാന്‍ ശ്രമം നടത്തുന്നതിനിടയില്‍ തിക്കും തിരക്കും രൂപപ്പെട്ടു. ബോഗിയില്‍ തിരക്ക് കൂടിയതിനാല്‍ ആളുകള്‍ എഞ്ചിന് ചുറ്റും തൂങ്ങുകയായിരുന്നു. ഒരു പാട് പേര്‍ക്ക് ട്രെയിനില്‍ കയറാന്‍ സാധിക്കാത്തതിനാലാണ് സംഘര്‍ഷമുണ്ടായത്.