gnn24x7

സമയമായെന്ന് ജസിന്ത ആർഡേൺ; രാജി പ്രഖ്യാപിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി

0
233
gnn24x7

ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേൺ രാജി പ്രഖ്യാപിച്ചു. ലേബർ പാർട്ടിയുടെ വാർഷിക യോഗത്തിലാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനം. ഈ വർഷം ഒക്ടോബർ 14-ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ് രാജി പ്രഖ്യാപനം. ഫെബ്രുവരി ഏഴിന് ന്യൂസിലാൻഡ് പ്രധാനമന്ത്രി സ്ഥാനവും ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിയുമെങ്കിലും പൊതുതിരഞ്ഞെടുപ്പ് വരെ എം.പി. സ്ഥാനത്ത് തുടരുമെന്നും അവർ അറിയിച്ചു.

ഇത്തരത്തിൽ അധികാരമുള്ളൊരു പദവി വലിയ ഉത്തരവാദിത്വമാണ്. എപ്പോൾ നയിക്കണമെന്ന്അറിയണമെന്നത് പോലെ തന്നെ എപ്പോൾ പിൻമാറണമെന്ന് അറിയുന്നതും ഉത്തരവാദിത്വമാണ്. ഈ പദവി എന്താണെന്ന് എനിക്ക് നന്നായി അറിയാം. പദവിയോട് നീതിപുലർത്താനുള്ള വിഭവങ്ങൾ ഇപ്പോൾ എന്റെ കയ്യിൽ ഇല്ല. അതിനാൽ പദവി ഒഴിയാൻ സമയമായെന്നും ജസിന്ത ആർഡേൺ യോഗത്തിൽ അറിയിച്ചു.

‘ഞാൻ മനുഷ്യനാണ്, രാഷ്ട്രീയക്കാർ മനുഷ്യരാണ്. കഴിയാവുന്നിടത്തോളം നമ്മൾ എല്ലാം നൽകുന്നു. എന്നാൽ, എനിക്കിപ്പോൾ സമയമായി’- ജസിന്ത പറഞ്ഞു. കഴിഞ്ഞ വേനലവധിയിൽ തനിക്ക് ഇനിയും സ്ഥാനത്തിരിക്കാനുള്ള ഊർജ്ജമുണ്ടോയെന്ന്വിലയിരുത്തിയിരുന്നു. എന്നാൽ, അതില്ലെന്നാണ് മനസ്സിലായതെന്നും അവർ പറഞ്ഞു.

2017ലാണ് ജസിന്ത ന്യൂസിലാൻഡ് പ്രധാനമന്ത്രിയാവുന്നത്. സ്ഥാനമേറ്റടുക്കുമ്പോൾ 37 വയസ്സായിരുന്ന ജസിന്ത ആർഡേൺ അന്ന് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. കോവിഡ് മഹാമാരിക്കാലത്തും ക്രൈസ്റ്റ് ചർച്ചിലെ രണ്ടു പള്ളികളിൽ ഭീകരാക്രമണം നടന്നപ്പോഴും വൈറ്റ് ഐലൻഡ് അഗ്നിപർവ്വത സ്ഫോടനമുണ്ടായപ്പോഴുമുള്ള ജസിന്തയുടെ ഇടപെടലുകൾ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

വളരെ സംതൃപ്തി നൽകുന്ന അഞ്ചര വർഷമായിരുന്നു കഴിഞ്ഞുപോയത്. എന്നാൽ, വെല്ലുവിളികളും മുന്നിലുണ്ടായിരുന്നു. എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കലും, കുട്ടികളിലെ ദാരിദ്ര്യം നിർമ്മാർജനം ചെയ്യലും കാലാവസ്ഥ മാറ്റവുമുൾപ്പെടെ വെല്ലുവിളികളായിരുന്നു. ഒരു ഭീകരാക്രമണവും പ്രകൃതിദുരന്തവും മഹാമാരിയും സാമ്പത്തിക ബുദ്ധിമുട്ടും ഇക്കാലത്ത് ഉണ്ടായെന്നും ജസിന്ത പറഞ്ഞു. അനുകമ്പ പ്രകടപ്പിച്ച ഒരാളായി വിലയിരുത്തപ്പെടുന്നതാണ് തനിക്ക് ഇഷ്ടമെന്ന് രാജ്യം നിങ്ങളെ എങ്ങനെ ഓർമ്മിക്കണം എന്ന ചോദ്യത്തോട് പ്രതികരിക്കവെ അവർ പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here