gnn24x7

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി 20 ടൂർണമെന്റ് ദുബായിൽ നടത്താൻ സാധ്യത

0
143
gnn24x7

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി 20 ടൂർണമെന്റ് ദുബായിൽ നടത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന ബിസിസിഐയുടെ യോഗമാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോവിഡാനന്തര പരിശീലന ക്യാംപ് ദുബായിൽ ആരംഭിക്കാനും ബിസിസിഐ ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. ഐപിഎല്ലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കേണ്ടത് ഐപിഎൽ ഗവേണിങ് കൗൺസിലാണ്.

ഇന്ത്യൻ ടീമിന്റെ ക്യാംപിനായി ദുബായിക്കുപുറമേ അഹമ്മദാബാദ്, ധരംശാല എന്നിവിടങ്ങളും പരിഗണനയിലുണ്ടെന്നാണ് സൂചന. എന്നാൽ, കോവിഡ് കേസുകൾ കൂടിവരുന്നതിനാൽ അഹമ്മദാബാദും ധരംശാലയും സുരക്ഷിതമല്ലെന്നാണ് ബിസിസിഐ നിലപാട്. ഓസ്ട്രേലിയ വേദിയാകാനിരിക്കുന്ന ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് മാറ്റിവയ്ക്കുമെന്നും അപ്പോൾ വരുന്ന ഒഴിവിൽ സെപ്റ്റംബർ – നവംബർ മാസങ്ങളിലായി ഐപിഎൽ നടത്താമെന്നുമാണ് ബിസിസിഐയുടെ കണക്കുകൂട്ടൽ.

2014ൽ ദുബായ് ഭാഗികമായി ഐപിഎല്ലിനു വേദിയൊരുക്കിയിരുന്നു. ലോകകപ്പ് മാറ്റിവയ്ക്കുന്ന കാര്യത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും. ദുബായ് രാജ്യാന്തര സ്റ്റേഡിയം, ഐസിസി അക്കാദമി എന്നിവ ഉൾപ്പെടുന്ന ദുബായ് സ്പോർട്സ് സിറ്റി ഐപിഎല്ലിന് വേദിയൊരുക്കാൻ പൂർണസജ്ജമാണ്. പിച്ചുകൾ സൂക്ഷിക്കാൻ ഇപ്പോൾ മറ്റു മത്സരങ്ങൾ നടത്തുന്നതേയില്ല. പരിശീലനത്തിനായി ടർഫ് വിക്കറ്റുകളും ഇൻഡോർ ഗ്രൗണ്ടുകളും ഉപയോഗിക്കാൻ കഴിയുമെന്ന് ദുബായ് സ്പോർട്സ് സിറ്റി അധികൃതർ വ്യക്തമാക്കുന്നു.

അതേസമയം, ഐപിഎൽ ടീമുകൾ ദുബായിലേക്ക് യാത്രക്കായി ഒരുക്കങ്ങൾ തുടങ്ങിയെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കളിക്കാരെ എത്തിക്കാൻ ചാർട്ടേഡ് വിമാനങ്ങളുടെ സാധ്യതയും ടീമുകൾ അന്വേഷിക്കുന്നു. 35 മുതൽ 40 പേർ വരെ ഓരോ ടീമിനൊപ്പവും ഉണ്ടാകും. കോവിഡ് മൂലം നിർത്തിയ വിമാന സർവീസുകൾ എന്നു തുടങ്ങുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ലെന്നിരിക്കെയാണ് ചാർട്ടേഡ് വിമാനങ്ങളെപ്പറ്റിയുള്ള അന്വേഷണം നടക്കുന്നത്. വിദേശതാരങ്ങളെ നേരിട്ടു ദുബായിലേക്ക് എത്തിക്കാനാണ് സാധ്യത. അവിടെയെത്തിയാൽ നി‍ർബന്ധിത ക്വറന്റീൻ വേണമെന്നതിനാൽ സമയക്രമവും മറ്റും തയാറാക്കി തുടങ്ങിയിട്ടുമുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here