gnn24x7

ഐപിഎൽ താരലേലം ഡിസംബറിൽ കൊച്ചിയിൽ

0
237
gnn24x7

ന്യൂഡൽഹി: അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള (ഐപിഎൽ) താരങ്ങളെ കണ്ടെത്തുന്നതിനുള്ള ലേലം കൊച്ചിയിൽ വെച്ച് നടക്കും. ഡിസംബർ 23-നാണ് ലേലം നടക്കുക. താരലേലത്തിന് ആതിഥേയത്വം വഹിക്കാൻ തുർക്കി തലസ്ഥനമായ ഇസ്താംബൂൾ, ബെംഗളൂരു, ന്യൂഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളും പരിഗണിച്ചിരുന്നു. ഒടുവിൽ കൊച്ചിയെ ബിസിസിഐ തിരഞ്ഞെടുക്കുകയായിരുന്നു. 2022ന് സീസണിന് മുന്നോടിയായി മെഗാ താരലേലം നടന്ന സാഹചര്യത്തിൽ ഇത്തവണ ഒറ്റദിവസം കൊണ്ട് അവസാനിക്കുന്ന മിനി ലേലമായിരിക്കും നടക്കുകയെന്നും ബിസിസിഐ അധികൃതർ അറിയിച്ചു.

ടീമുകൾക്ക് അവരുടെ മുൻ ലേല തുകയിൽ മിച്ചംവന്ന പണത്തിനും അവർ ഒഴിവാക്കുന്ന കളിക്കാരുടെ മൂല്യത്തിനും പുറമേ, ഈ വർഷത്തെ ലേലത്തിൽ ഓരോ ടീമിനും അഞ്ചു കോടി അധികമായി ചെലവഴിക്കാനും ബിസിസിഐ അനുമതി നൽകിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ പണം മിച്ചമുള്ളത് പഞ്ചാബ് കിങ്സിന്റെ പക്കലാണ്. 3.45 കോടി രൂപയാണ് അവരുടെ കൈവശം മിച്ചമുള്ളത്. ചെന്നൈ സൂപ്പർ കിങ്സിന്റെ കൈവശം 2.95 കോടിയും റോയൽ ചാലഞ്ചേഴ്സിന്റെ കൈവശം 1.55 കോടിയും ബാക്കിയുണ്ട്. രാജസ്ഥാൻ റോയൽസ്- 95 ലക്ഷം, കൊൽക്കത്ത-45 ലക്ഷം, ഗുജറാത്ത് ടൈറ്റാൻസ്-15 ലക്ഷം, മുംബൈ, സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി കാപിറ്റൽ എന്നീടീമുകളുടെ കൈവശം 10 ലക്ഷം എന്നിങ്ങനെയും മിച്ചമുണ്ട്. അതേസമയം, ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ പക്കൽ ഒരു രൂപ പോലും മിച്ചമില്ല.

ഒഴിവാക്കുന്ന കളിക്കാരുടെ ലിസ്റ്റ് ഫ്രാഞ്ചൈസികൾ സമർപ്പിച്ചതിന് ശേഷം ഡിസംബർ ആദ്യത്തോടെ ലേലത്തിനുള്ള പ്ലെയർ പൂളിനെ അന്തിമമാക്കും. പട്ടിക നൽകാൻ ടീമുകൾക്ക് നവംബർ 15 വരെ സമയം നൽകിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here