gnn24x7

ബോട്ടിൽ നിന്ന് അബദ്ധത്തിൽ കടലിലേക്ക് വീണ മത്സ്യത്തൊഴിലാളി 17 മണിക്കൂറോളം നീന്തി ജീവിതത്തിലേക്ക് തിരികെയെത്തി

0
242
gnn24x7

കൊല്ലം: ബോട്ടിൽ നിന്ന് അബദ്ധത്തിൽ കടലിലേക്ക് വീണ മത്സ്യത്തൊഴിലാളി 17 മണിക്കൂറോളം നീന്തി ജീവിതത്തിലേക്ക് തിരികെയെത്തി. വെള്ളിയാഴ്ച രാത്രി ശക്തികുളങ്ങരയിൽനിന്നു 10 പേരുമായി പോയ ‘ദീപ്തി’ എന്ന ബോട്ടിലെ തൊഴിലാളി ആലപ്പാട് അഖിൽ നിവാസിൽ സാമുവലാണു നടുക്കടലിൽനിന്ന് അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ എത്തിയത്.

മണിക്കൂറുകളോളം നീന്തിയും തിരകളില്‍ ബാലൻസ് ചെയ്ത് നിന്നും അലറിവിളിച്ചും കടലിൽ കഴിഞ്ഞ സാമുവലിനെ മറ്റൊരു ബോട്ട് രക്ഷപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സാമുവൽ അടങ്ങുന്ന സംഘം മത്സ്യ ബന്ധനത്തിനായി പോയത്. ശനിയാഴ്ച പുലർച്ചെയാണ് സാമുവൽ അബദ്ധത്തിൽ കടലില്‍ വീണത്. ബോട്ട് ഓടിക്കൊണ്ടിരുന്നതിനാൽ ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ സാമുവൽ കടലിൽ വീണത് അറിഞ്ഞിരുന്നില്ല.

മറ്റ് ബോട്ടുകാരുടെ കണ്ണിൽപ്പെടാനായി ഒരു മണിക്കൂറോളം സാമുവൽ വീണിടത്തുതന്നെ നീന്തിക്കിടന്നു. പകലായതോടെ കര ലക്ഷ്യമാക്കി നീന്തി. ഒരു പകൽ മുഴുവൻ അങ്ങനെ കടലലിൽ കഴിഞ്ഞു. സന്ധ്യയായതോടെ പേടിതോന്നിത്തുടങ്ങി. ഒരു ബോട്ടും അടുത്തില്ല. കുറച്ചു സമയം സങ്കടത്തോടെ അലറിക്കൂവി. ആരു കേൾക്കാൻ ?- സാമുവൽ പറഞ്ഞു.

നീട്ടുവല ഇടുന്ന വള്ളക്കാരിലായി പിന്നെ പ്രതീക്ഷ. അവർ കിഴക്കുണ്ടാകും. അങ്ങനെ കിഴക്കോട്ടു നീന്തി. രാത്രിയായി. പിന്നെയും മണിക്കൂറുകൾ കടലിൽ. അവസാനം ദൂരെയൊരു ബോട്ട് കണ്ടു. ഉറക്കെ വിളിച്ചു. ഭാഗ്യത്തിന് അവര്‍ കണ്ടു- സാമുവൽ പറയുന്നു.

ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ‘യേശു ആരാധ്യൻ’ എന്ന ബോട്ടുകാർ സാമുവലിനെ രക്ഷിച്ചത്. അവർ എറിഞ്ഞുകൊടുത്ത കയറിൽ പിടിച്ച് സാമുവൽ രക്ഷാബോട്ടിൽ കയറി. രാത്രി ഒരു മണിയോടെ ബോട്ട് നീണ്ടകരയിലെത്തി. പ്രാഥമിക ശുശ്രൂഷകൾക്കായി സാമുവലിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. റീജയാണ് സാമുവലിന്റെ ഭാര്യ. അഖിൽ, അവന്തിക എന്നിവരാണ് മക്കൾ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here