gnn24x7

രാജേഷ്‌ ഭായ്, ബംഗാളികൾ മാലാഖമാരാ

0
460
gnn24x7

ഇത് കഥയല്ല.. കളിയും അല്ല .. അരേ രാജേഷ്‌ ഭായ് …..വേറെ ഏതോ ഗ്രഹത്തിൽ നിന്നും ആരോ വിളിക്കുന്നത്‌ പോലെ എനിക്ക് തോന്നി.. പഴയ കാസെറ്റ് വലിയുമ്പോൾ കേൾക്കുന്ന സൌണ്ട്. ഞാൻ ശ്രദ്ധിക്കാൻ ശ്രമിച്ചു.. പറ്റുന്നില്ല.. കയ്യിൽ നിറയെ സ്പൂണുകളും ഫോർക്കുകളും നിറഞ്ഞ ട്രേ യും പിടിച്ചു ഞാൻ ഇതി…കർത്തവ്യാ … ഇതി കർത്തവ്യതാ…. എന്തെങ്കിലും ആവട്ടെ…ആ പറഞ്ഞ സാധനമായി നിന്നു.. ചില പ്രത്യേക ദിവസങ്ങളിൽ  രാവിലെ തന്നെ ലോകോപയുക്തം ആയ ചില പ്രസ്താവനകൾ നടത്താറുണ്ട. അന്നും ഒരു പ്രത്യേക ദിവസം ആയിരുന്നു.

രാവിലെ എണീറ്റ പാടെ ഞാൻ പ്രഖ്യാപിച്ചു. എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട് !അഞ്ജു എന്നെ തുറിച്ചു നോക്കി. ഞാൻ അധിക നേരം നില്ക്കാതെ ചായയും എടുത്ത് ഫേസ് ബുക്കിലെ കമന്റ്‌ വായിക്കാൻ പോയി. ലൈക്‌ മുതലാളിമാർ കനിഞ്ഞു അനുഗ്രഹിച്ചു തരുന്ന ലൈക് അല്ലാതെ വേറെ ഒരെണ്ണം ഇല്ല! നിരാശയോടെ ദിവസം തുടങ്ങി! എന്തെങ്കിലും കന്നംതിരിവ് കണ്ടുപിടിച്ചു പോസ്റ്റ്‌ ചെയ്താലേ ഇന്നെങ്കിലും പത്തു ലൈക്കും കമന്റും കിട്ടി  രക്ഷപെടാൻ പറ്റു.. ഇന്നിനി വൈകിട്ട് ജോലിക്കും പോണം.. സത്യം പറഞ്ഞാൽ ജോലി ചെയ്ത കാലം മറന്നു.

നാട്ടിലാകുമ്പോ ബിസിനസ്‌ ആയതുകൊണ്ട് ജോലി എന്ന് തോന്നാറില്ല. നമ്മുടെ വീട്ടിലെ കാര്യങ്ങൾ ചെയ്യുന്നത് പോലെ. ഇങ്ങോട്ട് വന്നിട്ട് നാല്  മാസമായി ഇപ്പൊ .. യാതൊരു പണിയും ഇല്ല.. ചുമ്മാതിരുന്നു ബോറടിക്കുന്നു. ചങ്ങനാശ്ശേരി ടൌണിൽ കൂടെ നാലു ചാല് തെക്ക് വടക്ക് നടക്കുന്നതാ സാധാരണ കട്ടിപ്പണി. ഇവിടിപ്പോ അതിനും സ്കോപ് ഇല്ല. അപ്പോളാണ് ഒരു ഹോട്ടലിൽ DWE പോസ്റ്റ്‌  ഒഴിവുണ്ടെന്ന് എന്റെ അത്ഭുതകാമാക്ഷിയായ ഒരു  ചേട്ടൻ പറയുന്നത്. എന്നാൽ പിന്നെ അതൊന്നു നോക്കാം എന്ന് കരുതി. ഈ DWE  എന്താണെന്ന് ഹോട്ടൽ മാനേജ്‌മന്റ്‌ പാസ്സായവര്ക്ക് ചിലപ്പോ മനസ്സിലായിക്കാണും.

ഡിഷ്‌ വാഷിംഗ്‌ എക്സിക്യൂട്ടീവ് എന്ന് പറയും. മലയാളത്തിൽ  പറഞ്ഞാൽ  പാത്രം കഴുകുന്ന ആൾ ! പാത്രം കഴുകുന്ന എന്ന് പറയുമ്പോൾ ..സാധാരണ നമ്മൾ കാണുന്നത് പോലെ അല്ല.. ഡിഷ്‌ വാഷർ ഉണ്ട്. ചുമ്മാ പെറുക്കി അതിന്റാത് വെക്കണം. 5 മിനിറ്റ് കഴിഞ്ഞു എടുത്തു പുറത്തു വെക്കണം അത്ര തന്നെ.. ഒരു മണിക്കൂറിനു യൂറോ 8 അതായത്  രൂഫ 650 . ഹോ 5 മണിക്കൂർ പോയാല 3250 രൂഫ പോക്കറ്റിൽ. ഇത് ഞാൻ കലക്കും… അപ്പൊ നിങ്ങള്  പോകാൻ തീരുമാനിച്ചു ! അഞ്ജു കലിപ്പിലാണ്ഞാൻ പോകും.. ഞാനും വിട്ടില്ല.

ദേ മനുഷ്യാ നിങ്ങള് വിചാരിക്കുന്നത് പോലൊന്നും അല്ല . ദേഹം അനങ്ങി ഒരു പണീം എടുക്കാത്ത നിങ്ങളെ കൊണ്ട് പറ്റുകേല ..പിന്നെ.. പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് പറമ്പ് മുഴുവൻ കിളക്കുന്നത് ഞാനായിരുന്നു ആ എന്നോടാ !പ്രീ ഡിഗ്രി സർക്കാര് നിർത്തീട്ടു കൊല്ലം പത്തിരുപതായി…അഞ്ജു പിറുപിറുത്തു കൊണ്ട് എണീറ്റ്‌ പോയി ..ഞാൻ  ഫേസ് ബുക്കിലേക്ക്   മുങ്ങിത്താണൂ…മൂന്നു മണി. ഞാൻ പറഞ്ഞ സമയത്ത് തന്നെ ഹോട്ടലിൽ എത്തി. കൂടെ നല്ലവനായ ചേട്ടനും ഉണ്ട് . എന്നെ കൊണ്ട് ഹോട്ടൽ മുതലാളിക്ക് പരിചയപ്പെടുത്തി ചേട്ടൻ അപ്പൊ തന്നെ സ്ഥലം വിട്ടു . മുതലാളി എന്നെ അടിമുടി ഒന്ന് നോക്കി. അതെ അതെ .. ഇപ്പൊ നിങ്ങള് വിചാരിച്ചില്ലെ ? അതെ ഭാവം.. നമ്മുടെ വീട്ടില് പണിക്കു നിക്കാൻ വരുന്ന പെണ്ണുമ്പിള്ളയെ വീട്ടുടമസ്ഥൻ വിലയിരുത്തുന്ന അതെ നോട്ടം…. ജോ ഭി ഹോ ! മുതലാളിക്ക് എന്നെ അത്രക്ക് അങ്ങ് ബോധിച്ചില്ല.

ആൾ ഒരു ബംഗാളിയാണ്. വര്ഷങ്ങളായി അയർലണ്ടിൽ ഹോട്ടൽ നടത്തുന്നു. ഇനി മേലിൽ ഒറ്റ ബംഗാളിയോടും ദേഷ്യമോ പുച്ഛമോ കാണിക്കില്ല എന്ന് ഞാൻ നമ്മടെ കാവിലമ്മയെ സാക്ഷി നിർത്തി സത്യം ചെയ്തു . ബംഗാളി മുതലാളി  ഒരു ജോഡി കയ്യുറകൾ എടുത്തു എനിക്ക്  നീട്ടി സിങ്ക് നു നേരെ വിരൽ ചൂണ്ടി..അപ്പോയിന്റ്മെന്റ് ഓർഡർ .. ഞാൻ ഭയ ഭക്തി ബഹുമാനത്തോടെ വാങ്ങി!ഞാൻ പണി തുടങ്ങി.. വളരെ എളുപ്പം.. ചുമ്മാ ഒന്ന് വെള്ളത്തിൽ മുക്കണം, ഇത്തിരി വാഷിംഗ്‌ ലിക്ക്വിഡ് പുരട്ടണം,  ഡിഷ്‌ വാഷറിൽ വെക്കണം. വളരെ സിമ്പിൾ ..ഞാൻ വേഗം തന്നെ ആദ്യത്തെ ഒരു സെറ്റ് തീർത്തു ..ഇനി കുറച്ചു പാത്രങ്ങളെ ഉള്ളു.. ഇവിടെന്താ ആരും കയറാറില്ലേ ഞാൻ പുച്ഛത്തോടെ മുതലാളിയെ ഒന്ന് നോക്കി , അയാൾ എന്നെ ശ്രദ്ധിക്കുന്നേ ഇല്ല.

അയാൾക്ക് അറിയില്ലല്ലോ ഞാൻ ആരാണെന്ന്. കുറച്ചു പാത്രങ്ങൾ കൂടി വന്നു.. പാത്രത്തിൽ മിക്കതിലും എച്ചിൽ ഉണ്ട് .. അതൊക്കെ ബിന്നിലേക്ക് ഇട്ടിട്ടു വേണം കഴുകാൻ. പാത്രങ്ങൾ വരുന്ന വേഗം ഇത്തിരി കൂടി! ഞാൻ പണിയിൽ ശ്രദ്ധിക്കാൻ തീരുമാനിച്ചു.. ഇതിനിടെ ഒരു ഗ്ലാസിൽ ജ്യൂസ്‌ കൊണ്ട് വെച്ചു  ഷെഫ് ! അടുക്കളയിൽ സഹായിക്കാൻ വരുന്ന ചേച്ചിക്ക് അമ്മ കൊടുക്കുന്നത് കണ്ടിട്ടുണ്ട് . ശോഭെ ഇത് കുടിച്ചിട്ട് ചെയ്തോ കേട്ടോ എന്നൊരു ഓർഡറും.. പെട്ടന്നെന്തോ എനിക്ക് അതാണ്‌ ഓര്മ്മ വന്നത്. ശോഭയ്ക്ക് പറ്റും.. ഒരു വീട്ടിലെ നാല് പാത്രം കഴുകിയാൽ മതി… ഇതിപ്പോ  എന്നോടെന്തോ വൈരാഗ്യം ഉള്ളത് പോലെയാണ് വെയ്റ്റർ മാർ പാത്രങ്ങൾ കൊണ്ട് വെയ്ക്കുന്നത്..

നോക്കി നിന്നപ്പോളെക്കും പാത്രങ്ങളുടെ ഒരു പർവതം എന്റെ മുന്നിൽ..ഞാൻ സ്പീഡ് കൂട്ടി . പാത്രങ്ങൾ കുന്നു കൂടുന്നു… എന്റെ പുറത്തു രണ്ടു സൈഡിലും കൊളുത്തിട്ടു വലിക്കുന്നത് പോലെ ഒരു വേദന ..ഞാൻ എന്നോട് തന്നെ പറഞ്ഞു .. തളരരുത്..ഇവിടെ നീ തോറ്റാൽ ..ഹോ !വായിച്ചിട്ടുള്ള സെൽഫ് ഹെൽപ് പുസ്തകങ്ങളിൽ എല്ലാം ഞാൻ മനസ്സ് കൊണ്ട് പരതി.. എങ്ങനെ ജോലി ആകർഷകമാക്കാം? ..ഒന്നും കിട്ടിയില്ല .. പുറം പൊളിയുന്ന വേദന .. ഞാൻ ക്ലോക്കിലേക്ക് പാളി നോക്കി 6 മണി ഷെഫ് ഒരു പാത്രത്തിൽ ചിക്കൻ ഫ്രൈ കൊണ്ട് എന്റെ അടുത്തു വെച്ചു.. ശോഭേ ഇത് കഴിച്ചോ.. ആരോ വിളിച്ചു പറയുന്നത് പോലെ എനിക്ക് തോന്നി.. പാത്രങ്ങളുമായി വരുന്ന വെയ്ട്രെസ്സ് എന്നെ ചിരിച്ചു കാണിച്ചു .. രാജേഷ്‌ ഭായ്.. അബ് യേ ഭി ഥോ ദേനാ ! മനസ്സിലായില്ലേ ? അടുക്കളയിലെ പാത്രങ്ങൾ .. അണ്ടാവും , ചീനച്ചട്ടീം , വലിയ ചരുവങ്ങളും കരിഞ്ഞു പിടിച്ച തവകളും ഒക്കെ ഉണ്ട്..

എനിക്ക് തല കറങ്ങി .. എന്ത് ചെയ്യാം ഇറങ്ങി പോയില്ലേ . ഇത് ഡിഷ്‌ വാഷറിൽ വെയ്ക്കാൻ പറ്റില്ല .. ഞാൻ നിലത്തു കുത്തിയിരുന്ന് തേച്ചു തുടങ്ങി. ആപ് ഡിസ്കോ ജായേംഗേ? അസിസ്റ്റന്റ്‌ ഷെഫ് എന്നോട് ചോദിച്ചു .. ഹോ നിലത്തു കുത്തിയിരുന്നു എച്ചിൽ പാത്രം കഴുകുന്നവനോട് ചോദിയ്ക്കാൻ പറ്റിയ ചോദ്യം! ഞാൻ അവനെ നോക്കി ഇളിച്ചു കാണിച്ചു . അവനു ഏകദേശം കാര്യം മനസ്സിലായി എന്ന് തോന്നുന്നു . ഇന്നത്തെ ദിവസം എന്നെ കൊണ്ട് ഇത് കഴുകി തീരുകേല എന്ന് ..അവൻ പോയി മുതലാളിയോട് എന്തോ കുശുകുശുത്തു. മുതലാളി അത്രയും നേരം വെറുതെ ഇരുന്ന വേറെ ഒരുത്തനോട് എന്തോ ആംഗ്യം കാണിച്ചു. അവൻ വേഗം വന്നു എന്റെ കയ്യിൽ നിന്നും കരിഞ്ഞ തവ പിടിച്ചു മേടിച്ചു .. ഇവനെ എനിക്ക് നല്ല പരിചയം തോന്നി..

നമ്മടെ നാട്ടിലൊക്കെ കാണാറുള്ള ബംഗാളി ..നീ മറ്റേ പാത്രം തന്നെ കഴുകിയാൽ മതി മുതലാളി എന്നോട് ഹിന്ദിയില വിളിച്ചു കൂവി ..സമയം 8 ആകാൻ 3 മിനിട്ട് ആയി .. നീണ്ട 5 മണിക്കൂര് ആകുന്നു . ഞാൻ ക്ലോക്കിൽ തന്നെ നോക്കിയാണ് ഇപ്പൊ പാത്രം കഴുകുന്നത് .സെക്കന്റ്‌ സൂചി വളരെ പതുക്കെയാണ് നീങ്ങുന്നത് .. മൂന്നു മിനിട്ട് കഴിയാൻ മൂന്നു മണിക്കൂറ എടുത്തത് പോലെ .. ക്ലോക്ക് 8 അടിക്കാൻ തുടങ്ങി. ഞാൻ ഇപ്പൊ കഴുകുന്നത് സ്പൂണും ഫോർക്കുകളും ആണ്.. ഒരു വലിയ പാത്രത്തിൽ എല്ലാം കൂടെ ഇട്ടു പൈപ്പ് നു താഴെ വെച്ചു വെള്ളം ചീറ്റിച്ചു … ..രാജേഷ് ഭായ് … അബ്  ജ്യാദാ ലോഗ് നഹി ഹേ ഖാനെ കേലിയെ..ആപ് ചാഹെ തോ ജാ സക്തേ ഹേ….ഈ ഡയലോഗ്  ആണ് ഞാൻ കാസെറ്റ് വലിയുന്നത് പോലെ കേട്ടത്…. ബംഗാളികൾ മാലാഖമാരാണ്.

അവര്ക്ക് നമ്മുടെ മനസ്സ് വായിക്കാം ഒറ്റ മിനിറ്റ് കൂടെ കഴിഞ്ഞിരുന്നേൽ. ഒള്ള ബോധം പോയേനെ…..ഒരു വിധത്തിൽ ഞാൻ കാറിൽ കയറി.. ഒരു പത്തു മിനിട്ട് എടുത്തു നോർമൽ ആകാൻ.. ഇല്ല .. പതറില്ല ഞാൻ . ഒന്നും സംഭവിക്കാത്തത് പോലെ വേണം അഞ്ജുവിന്റെ  മുന്നിൽ പെരുമാറാൻ. കുറെ ഓട്ടോ സജഷൻസ് ഒക്കെ പ്രയോഗിച്ചു . രണ്ടു മിനിട്ട് കൊണ്ട് വീട്ടില് എത്തും… അഞ്ജു കതകു തുറന്നു.. ഒരു നിമിഷം എന്നെ ഒന്ന് ഇരുത്തി നോക്കി. തിരിഞ്ഞു അകത്തേക്ക് പോയി .. ഇവള്ക്കെന്തോ പിടി കിട്ടി.. ഞാൻ വിചാരിച്ചു.. ഹേയ് ഉണ്ടാവില്ല.. എനിക്ക് തോന്നിയതാവും ..എങ്ങനെ ഉണ്ടാരുന്നു ജോലീടെ മഹത്വം ? അഞ്ജു കിച്ചണിൽ നിന്നും വിളിച്ചു ചോദിക്കുന്നു .എനിക്ക് വിശക്കുന്നു… ഞാൻ പറഞ്ഞു … അപ്പൊ അവിടുന്ന് എന്തോ വേണേലും കഴിക്കാം എന്ന് പറഞ്ഞിട്ടല്ലേ പോയെ ?.. അത് പിന്നെ.. ഞാൻ പെട്ടന്നിങ്ങു പോന്നു.കാലു വല്ലാതെ കഴച്ചേ. ഞാൻ മിണ്ടാതിരുന്നു ബിസ്കറ്റ് ചായയിൽ മുക്കി തിന്നു കൊണ്ടിരുന്നു ..പുറം വേദന കൊണ്ട് ഉണ്ടാകുന്ന ഒരു പ്രത്യേക തരം കണ്ണുനീർ എന്റെ കണ്ണിൽ നിന്നും ധാരാളമായി വരുന്നുണ്ടായിരുന്നു …………………………………………………………………………………എന്താണോ എന്തോ പിന്നെ ഇത് വരെ ആ ഹോട്ടലുകാർ  വിളിച്ചിട്ടില്ല ! എന്റെ ജോലിയുടെ മഹത്വം !

Rajesh S Roscommon

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here