gnn24x7

ഡിപ്പോസിറ്റില്ലാതെ മോർഗേജ്; ജാഗ്രത വേണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്

0
158
gnn24x7

മികച്ച ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് ഡിപ്പോസിറ്റില്ലാതെ 100 ശതമാനം തുകയ്ക്കും മോർഗേജ് ഓഫറുകളുമായി സ്ക്രിപ്റ്റൺ ബിൽഡിംങ് സൊസൈറ്റി. ബുധനാഴ്ചയാണ് സൊസൈറ്റി ഈ മോഹന വാഗ്ദാനവുമായി രംഗത്തു വന്നിട്ടുള്ളത്. നിലവിൽ വാടകയ്ക്ക് താമസിക്കുന്ന ഫസ്റ്റ് ടൈം ബയേഴ്സിനാണ് ക്രെഡിറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ ഈ ഓഫർ ലഭിക്കുക. 12 മാസമായി കൃത്യമായി വാടക നൽകി താമസിക്കുന്നവരാകണം അപേക്ഷകർ. ഇവർക്ക് സ്വന്തം പേരിൽ ബ്രിട്ടനിൽ വീടുണ്ടാകാനും പാടില്ല. മികച്ച ക്രെഡിറ്റ് സ്കോറും ഉണ്ടാകണം. സ്ക്രിപ്റ്റന്റെ ഈ സ്കീം പുറത്തുവന്നതോടെ ഡിപ്പോസിറ്റില്ലാതെ വീടുവാങ്ങാൻ സാധിക്കുമോ എന്നറിയാനായി മോർഗേജ് ഡീലർമാരുടെ മുന്നിൽ ക നിൽക്കുകയാണ് ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ളവർ. 5,49 ശതമാനം പലിശനിരക്കിലാണ് സ്ക്രിപ്റ്റന്റെ അഞ്ചുവർഷത്തെ ഈ ഫിക്സ് ടേം മോർഗേജ്.

എന്നാൽ, നൂറു ശതമാനം തുകയ്ക്കും മോർഗേജ് നൽകാനുള്ള പദ്ധതിയിൽ ബാങ്കുകളും വീടു വാങ്ങുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്. സ്കീമിനോട് നോ പറയാൻ ഇല്ലെങ്കിലും ഇത്തരം ഡീലുകളിൽ അപകടം ഏറെയാണെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി പ്രതികരിച്ചത്. 2008ലെ സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യത്തെ നയിച്ച ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ഇത്തരം ഡിപ്പോസിറ്റില്ലാത്ത മോർഗേജുകളായിരുന്നു എന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തൽ. ഇത്തരം ഹൈ റിസ്ക് ലോണുകൾ പലതും തിരിച്ചടവ് സാധ്യമല്ലാതെ മുടങ്ങി. അതിനാൽ തന്നെ വായ്പ നൽകുന്നവരും വാങ്ങുന്നവരും ഇതിന്റെ അപകടത്തെക്കുറിച്ച് ബോധവാന്മായിരിക്കണമെന്നും ഗവർണർ മുന്നറിയിപ്പു നൽകി.

മുൻകാലങ്ങളിലെ ഡിപ്പോസിറ്റില്ലാത്ത മറ്റു സ്കീമുകളിൽ നിന്നും വ്യത്യസ്തമായി സ്ക്രിപ്റ്റന്റെ പുതിയ സ്കീമിന് ഗാരന്ററുടെയും ആവശ്യമില്ല. ആദ്യമായി വീടുവാങ്ങുന്നവരെ ഇനിഷ്യൽ ഡിപ്പോസിറ്റ് എന്ന കടമ്പ കടക്കാൻ സഹായിച്ചിരുന്ന സർക്കാരിന്റെ “ഹെൽപ് ടു ബൈ സ്കീം’ ഇപ്പോൾ നിലവിലില്ല. അതുകൊണ്ടുതന്നെ വീടു വിലയുടെ 10 ശതമാനം തുകയെങ്കിലും കൈയിലുള്ളവർക്കേ ബ്രിട്ടനിൽ സ്വന്തമായി വീട് എന്ന സ്വപ്നം സഫലമാകൂ. ഇത് പലർക്കും എളുപ്പമുള്ള കാര്യമല്ല. ഈ സാഹചര്യത്തിലാണ് ഡിപ്പോസിറ്റില്ലാത്ത സ്കീമിന് ആവശ്യക്കാർ ഏറുന്നത്.

വർധിച്ച ജീവിതച്ചെലവും ദിവസേന ഉയരുന്ന വാടകയും ചേരുമ്പോൾ ഡിപ്പോസിറ്റിനായി പണം നീക്കിവയ്ക്കാൻ പറ്റാത്ത സാഹചര്യമാണ് പലർക്കും. ഇത് കൃത്യമായ വരുമാനുള്ള ഒരാളുടെ വീടു വാങ്ങാനുള്ള ആഗ്രഹത്തിന് തടസമാകാതിരിക്കാനാണ് പുതിയ സ്കീമെന്നാണ് സ്ക്രിപ്റ്റന്റെ വിശദീകരണം. സ്ക്രിപ്റ്റന്റെ സ്കീമിനു പുറമേ നിലവിൽ 15 സീറോ ഡിപ്പോസിറ്റ് സ്കീമുകൾ ബ്രിട്ടനിൽ നിലവിലുണ്ട്. എന്നാൽ, ഇതിലൊന്നും കാര്യമായി ബിസിനസ് നടക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7